06 May 2013

നഷ്ടസ്വപ്നങ്ങൾ


കൊഴിഞ്ഞു വീണ പൂക്കളെ തിരിച്ചു

ചേർക്കാൻ കഴിയുമായിരുന്നെങ്കിൽ,
ഞാനെന്റെ നഷ്ടസ്വപ്നങ്ങളിൽ
പ്രിയപ്പെട്ടവ തിരിച്ചെടുത്തേനെ...
എങ്കിലും ഞാൻ പ്രതീക്ഷയിലാണ്,
പാടാൻ മറന്ന കിളികൾ
പാടാതിരിക്കില്ല ഒരിക്കലെങ്കിലും...
വാടിക്കരിഞ്ഞ റോസാച്ചെടിയിൽ,
ഒരിക്കലെങ്കിലും പുഷ്പ്പിക്കാൻ വേണ്ടി
തളിരില കിളിർക്കാതിരിക്കില്ല...
അതെ, പാതിവഴിയിൽ വച്ച് മടങ്ങിപ്പോയ വസന്തം,
എനിക്കു വേണ്ടി മാത്രം തിരിച്ചുവരും...
ഞാൻ കാത്തിരിക്കുകയാണ്,
വസന്തത്തിന്റെ കാലൊച്ച
കാതുകൾ കുളിർപ്പിക്കുന്ന കാലത്തിനായി...
ഒരുപക്ഷേ എന്റെ കാത്തിരിപ്പ് വെറുതെയാകാം
കൈവെള്ളയിൽ വച്ചുനീട്ടി കൊതിപ്പിച്ച ശേഷം
കണ്ണുചിമ്മി തുറക്കുന്ന മാത്രയിൽ നഷ്ടമായ
സ്വപ്നങ്ങൾ തിരിച്ചെടുക്കാൻ സാധിക്കില്ലയിരിക്കും...
ചിലപ്പോൾ ബാക്കിനിൽക്കുന്നവയും
നഷ്ടങ്ങളുടെ തുടർച്ചയായേക്കാം.
എങ്കിൽ, സർവ്വതും എരിച്ചു തീർക്കുന്ന
അഗ്നിയ്ക്കു മാത്രമെ ഞാനവയെനെ കൊടുക്കൂ...
ഒരുനാൾ ഞാനും എരിഞ്ഞുതീരും,
പിന്നീട് ഞാനതിനെ പൂർണതയിലെത്തിക്കും...
ഭൂമിയിൽ വാടിക്കരിഞ്ഞ സ്വപ്നങ്ങളെ
സ്വർഗത്തിൽ വച്ച് ഞാൻ
വെള്ളവും വളവും നൽകി വിരിയിച്ചെടുക്കും...

31 March 2013

ജീവിതം അങ്ങനെയാ...

ജീവിതം അങ്ങനെയാ...
നമ്മുടെ കയ്യിൽ നിന്നും പല സന്തോഷങ്ങളും തട്ടിപ്പറിക്കും,
ഒരുമാതിരി, കുട്ടിക്കളി മാറാത്ത പിള്ളേരെ പോലെ...
ചെലോരിക്ക വിചാരിക്കത്ത സമയത്ത്
ഓരോ സന്തോഷം വച്ച് നീട്ടും...
പക്ഷേ,
ഒന്നും മറ്റൊന്നിന് പകരാവൂലല്ലോ !

എന്ന് സ്വന്തം പടോളി...



സെമസ്റ്റർ പരീക്ഷകൾ പലതും കഴിഞ്ഞു...
ആദ്യമായി എഴുതിയ ഒന്നാം സെമസ്റ്റർ പരീക്ഷ മുതൽ ഒടുവിൽ കഴിഞ്ഞ അഞ്ചാം സെമസ്റ്റർ പരീക്ഷ വരെ,
പക്ഷേ... അന്നൊന്നുമില്ലാത്ത തരത്തിൽ ഒരു ടെൻഷൻ...ഹൃദയമിടിപ്പൊക്കെ താളം തെറ്റിപ്പോകുന്നു....
വെപ്രാളത്തോടെ രാവിലെ തന്നെയുള്ള "കാവേരി" ബസ്സിലെ യാത്ര എനി എത്ര കാലം!
രാവിലെ വൈകി ക്ലാസിൽ കയറേണ്ടിവരുമ്പോൾ ടീച്ചറോടു പറയേണ്ട ന്യായീകരണങ്ങൾ...
ക്യാന്റീനിൽ നിന്നും പിന്നെയും വൈകി വരുമ്പോൾ അതേ ടീച്ചറോടു തന്നെ പറയാൻ കണ്ടെത്തേണ്ട പുതിയ കാരണങ്ങൾ...
ചോദ്യം ചോദിക്കുന്ന ടീച്ചറോട് അഭിമാനത്തോടെ എഴുന്നേറ്റ് നിന്ന് അറിയില്ലെന്ന് പറയുന്നത്...
ഇടയ്ക്കിടയ്ക്ക്, ഏറ്റവുമൊടുവിൽ സുരക്ഷിതമായ ബെഞ്ചിലെ, സുരക്ഷിതമായ സ്ഥലത്തിരുന്നുകൊണ്ട്  പറയുന്ന,
ആർക്കും ശല്യമുണ്ടാക്കാത്ത രീതിയിലുള്ള ചില്ലറ തമാശകൾ...
അവയുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങൾ !!!
അന്യോന്യം നുണ പറയാൻ വേണ്ടി മാത്രം ഒത്തുചേരുന്ന ചെറുതല്ലാത്തൊരു ലൈബ്രറി...
കടം പറയാനായി കയറി ചെല്ലുന്ന കോളേജ് കേന്റീൻ...
ഇവയൊക്കെ ഇനിയെത്ര കാലം...
ഏഴു ദിവസം മാത്രം നീണ്ടുനിന്ന മാടായി ബോയ്സ് ഹയർസെക്കന്ററിയിലെ എൻ.എസ്.എസ് ക്യാമ്പ്, ക്യാമ്പിലെ ചെറിയ ആഘോഷങ്ങൾ തന്ന വലിയ സന്തോഷങ്ങൾ...
ഐസ് ബ്രേക്കിംഗ് സെക്ഷനിലെ തമാശകൾ, ഗ്രൂപ്പ് തിരിഞ്ഞുള്ള സ്ക്വാഡ് വർക്ക്, വൈകുന്നേരങ്ങളിലെ ഒത്തുചേരൽ, ന്യൂ-ഇയർ ആഘോഷം...
നാലു ദിവസത്തെ കോളെജ് ടൂർ, പാലക്കാട്ടെ എ.ടി.എസ് റെസിഡെൻസിയിലെ താമസം,
കേശവൻ പാറ,നെല്ലിയാമ്പതി, ഹൊഗനക്കലിലെ വട്ടത്തോണിയിലെ യാത്ര...
വൈകി ക്ലാസിൽ വരാൻ വേണ്ടിയിട്ട് കണ്ടുപിടിച്ചതാണെന്നു തോന്നുന്ന പ്രൊജക്ട് ദിനങ്ങൾ…
പ്രൊജക്ട് ചെയ്യാതെ പരസ്പരം കത്തിയടിച്ച പ്രൊജക്ട് ക്ലാസുകൾ...
ഇതൊക്കെയും ഇനിയുണ്ടാകുമോ !!!
ഇന്നലെ വരെ നമുക്കെല്ലാമായിരുന്ന നമ്മുടെ  കോളേജിൽ, നാളെ നമ്മൾ അന്യരായിപ്പോകും എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം ദു:ഖം,
സ്വന്തം വീട്ടിൽ നിന്നും പുറത്താക്കുന്നതു പോലെ...
നാമിന്നു നടന്നു തീർക്കുന്ന വഴികൾ നാളെ നമുക്ക് അന്യമായിപ്പോകുന്ന അവസ്ഥ...
ജീവിതത്തിലെ നോവേറിയ അനുഭവം...
ഇവയൊക്കെപ്പോലെ തന്നെ  കൂട്ടുകാർ സമ്മാനിച്ച ഒട്ടനേകം പേരുകൾ...
കേൾക്കുമ്പോൽ ദേഷ്യം തോന്നുമായിരുന്നെങ്കിലും ഇനിയതൊക്കെ, നമുക്കന്യമാകുന്ന കോളേജിലെ കോണുകളിലെവിടെയോ തേങ്ങലുകളകളായി മാത്രം അവശേഷിക്കുമ്പോൾ...
അവയൊക്കെയും നഷ്ടമാകുമ്പോൾ, ഞാൻ തിരിച്ചറിയുന്നു കേൾക്കുമ്പോൾ ദേഷ്യം തോന്നുമായിരുന്നെങ്കിലും അതൊക്കെയും ഞാൻ സ്നേഹിച്ചവയായിരുന്നെന്ന്, കേൾക്കാനാഗ്രഹിച്ചവയായിരുന്നെന്ന്...

…..എന്ന് സ്വന്തം പടോളി

23 September 2011

നീ...



ഇന്ന് കണ്ട സൂര്യോദയത്തില്‍‌
നിന്‍റെ മുഖമുണ്ടായിരുന്നു...
വിരിഞ്ഞു നിന്ന റോസാപ്പൂവില്‍
‌കണ്ടതും നിന്‍റെ ചിരിയായിരുന്നു...
ഇളം തെന്നല്‍‌ ഇന്നു തലോടിയപ്പോള്‍‌
കാതില്‍‌ മന്ത്രിച്ചതും നിന്‍റെ പേരുതന്നെ...

18 September 2011

എന്നിട്ടും നീ.....


എന്‍റെ വിയര്‍പ്പിന്‍റെ
രുചിയറിഞ്ഞതും നീ
എന്‍റെ ചുടുരക്തത്തിന്‍റെ
മധുരം നുണഞ്ഞതും നീ
എന്‍റെ പച്ചമാംസത്തിന്‍റെ
ഉപ്പ് രുചിച്ചതും നീ
കണ്ണുകള്‍‌ എന്‍റേതെങ്കിലും
കാഴ്ചകള്‍ കണ്ടത് നീ
കാതുകള്‍‌ എന്‍റേതെങ്കിലും
കേള്‍‌വികള്‍‌ കേട്ടത് നീ
ഇന്നാരോ,
വിളിച്ചുപറഞ്ഞപ്പോള്‍‌
ആദ്യമെന്നെ കല്ലെറിഞ്ഞതും നീ.....!!
സുഹൃത്തേ, എനിക്കുള്ള
കുഴിതോണ്ടിയതും നീ....

17 September 2011

ഇന്ന്...


ഇന്നു കണ്ട നിറങ്ങള്‍
കൂടുതല്‍ വര്‍ണ്ണാഭമായിരുന്നു....
ഇന്നു കണ്ട കാഴ്ചകള്‍‌
കൂടുതല്‍ വശ്യമായിരുന്നു.....
ഇന്നു കേട്ട കേള്‍‌വികള്‍
കൂടുതല്‍ ധന്യമായിരുന്നു...

12 September 2011

ഇംഗ്ലീഷ് മീഡിയമല്ലെ..........!!!



സ്കൂള്‍ വിട്ടുവന്ന കുട്ടി "മമ്മീ" എന്ന് വിളിച്ചപ്പോള്‍‌
ആ അമ്മയൊന്നും പറയാന്‍‌ പോയില്ല....
ഇംഗ്ലീഷ് മീഡിയമല്ലെ, മമ്മിയെങ്കില്‍‌ മമ്മി...!!
പക്ഷേ ഇന്നാ കുട്ടി "മമ്മിയെ" ശരിക്കും ഞെട്ടിച്ചു....
കോളേജുവിട്ട് വരാന്‍‌ വൈകിയ മകളോട് കാരണം തിരക്കിയപ്പോള്‍,
അവള്‍ പറഞ്ഞതിങ്ങനെയായിരുന്നു.....
"എന്തുവാ കുറ്റവാളിയെ ചോദ്യം ചെയ്യുന്നപോലെ ഇങ്ങനെ...
നമ്മളൊക്കെ ഫ്രണ്ട്സല്ലേടാ......!!!"
അപ്പോഴും "മമ്മി"യോര്‍ത്തു.....
"ഇംഗ്ലീഷ് മീഡിയമല്ലെ"..........!!!

Google Web Search