06 May 2013

നഷ്ടസ്വപ്നങ്ങൾ


കൊഴിഞ്ഞു വീണ പൂക്കളെ തിരിച്ചു

ചേർക്കാൻ കഴിയുമായിരുന്നെങ്കിൽ,
ഞാനെന്റെ നഷ്ടസ്വപ്നങ്ങളിൽ
പ്രിയപ്പെട്ടവ തിരിച്ചെടുത്തേനെ...
എങ്കിലും ഞാൻ പ്രതീക്ഷയിലാണ്,
പാടാൻ മറന്ന കിളികൾ
പാടാതിരിക്കില്ല ഒരിക്കലെങ്കിലും...
വാടിക്കരിഞ്ഞ റോസാച്ചെടിയിൽ,
ഒരിക്കലെങ്കിലും പുഷ്പ്പിക്കാൻ വേണ്ടി
തളിരില കിളിർക്കാതിരിക്കില്ല...
അതെ, പാതിവഴിയിൽ വച്ച് മടങ്ങിപ്പോയ വസന്തം,
എനിക്കു വേണ്ടി മാത്രം തിരിച്ചുവരും...
ഞാൻ കാത്തിരിക്കുകയാണ്,
വസന്തത്തിന്റെ കാലൊച്ച
കാതുകൾ കുളിർപ്പിക്കുന്ന കാലത്തിനായി...
ഒരുപക്ഷേ എന്റെ കാത്തിരിപ്പ് വെറുതെയാകാം
കൈവെള്ളയിൽ വച്ചുനീട്ടി കൊതിപ്പിച്ച ശേഷം
കണ്ണുചിമ്മി തുറക്കുന്ന മാത്രയിൽ നഷ്ടമായ
സ്വപ്നങ്ങൾ തിരിച്ചെടുക്കാൻ സാധിക്കില്ലയിരിക്കും...
ചിലപ്പോൾ ബാക്കിനിൽക്കുന്നവയും
നഷ്ടങ്ങളുടെ തുടർച്ചയായേക്കാം.
എങ്കിൽ, സർവ്വതും എരിച്ചു തീർക്കുന്ന
അഗ്നിയ്ക്കു മാത്രമെ ഞാനവയെനെ കൊടുക്കൂ...
ഒരുനാൾ ഞാനും എരിഞ്ഞുതീരും,
പിന്നീട് ഞാനതിനെ പൂർണതയിലെത്തിക്കും...
ഭൂമിയിൽ വാടിക്കരിഞ്ഞ സ്വപ്നങ്ങളെ
സ്വർഗത്തിൽ വച്ച് ഞാൻ
വെള്ളവും വളവും നൽകി വിരിയിച്ചെടുക്കും...

No comments:

Post a Comment

Google Web Search